Latest Malayalam News - മലയാളം വാർത്തകൾ

കലാമണ്ഡലം ചാൻസലർ പദവിക്ക് ശമ്പളംചോദിച്ച് മല്ലികാ സാരാഭായ്‌

KERALA NEWS TODAY-തിരുവനന്തപുരം : സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ സാരാഭായ് സർക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകി.
ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ, മല്ലികാ സാരാഭായിയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോൾ മല്ലികയ്ക്ക് നൽകുന്നത്. ആവശ്യം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷംരൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും. ശമ്പളത്തിന് വ്യവസ്ഥയുണ്ടാക്കണമെന്ന് ചാൻസലർ അഭ്യർഥിച്ചതായി സർക്കാർവൃത്തങ്ങൾ സ്ഥിരീകരിച്ചു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് സർക്കാർ കൊണ്ടുവന്ന ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിന് അംഗീകാരമാവുകയും പുതിയ ചാൻസലർമാർ നിയമിക്കപ്പെടുകയും ചെയ്താൽ കലാമണ്ഡലത്തിലെ തീരുമാനം മറ്റുസർവകലാശാലകളിലും ബാധകമാക്കേണ്ടിവരും. സാമ്പത്തിക ബാധ്യതയുമാകും.

കേരള കലാമണ്ഡലം ഡീംഡ് സർവകലാശാലയായതിനാൽ ചാൻസലറെ നിയമിക്കുന്നതിലടക്കം സർക്കാരിന് സ്വതന്ത്ര തീരുമാനമെടുക്കാനാവും. അതുകൊണ്ടാണ് ചാൻസലറായി മല്ലികാസാരാഭായിയെ നിയമിച്ചത്.

Leave A Reply

Your email address will not be published.