KERALA NEWS TODAY – മുംബൈ: കപ്പലിലെ ജോലിസംബന്ധമായി മുംബൈയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ നവിമുംബൈയിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി.
പാറശാല വന്നിയക്കോടു കോട്ടവിള രാഹുൽ രാജനെയാണ് (21) ബേലാപുരിലെ വാടകമുറിക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
തൊഴിൽത്തട്ടിപ്പിനിരയായതിനെ തുടർന്ന് ജീവനൊടുക്കിയെന്നാണ് നിഗമനം.
കപ്പലിലെ ജോലിക്കായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന്റെ പക്കൽ 5 ലക്ഷം രൂപ നൽകിയിരുന്നതായാണ് വിവരം.
ഇന്റർവ്യൂവിൽ പങ്കെടുക്കാനാണു തിങ്കളാഴ്ച വൈകിട്ട് രാഹുൽ മുംബൈയിലെത്തിയത്. രാത്രി വീട്ടിൽ വിളിച്ചു സംസാരിച്ചിരുന്നു.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന രാഹുൽ. മൃതദേഹം നവിമുംബൈ വാശിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറുമെന്നു സഹായവുമായെത്തിയ നവിമുംബൈയിലെ സാമൂഹിക പ്രവർത്തക ലൈജി വർഗീസ് പറഞ്ഞു.