Latest Malayalam News - മലയാളം വാർത്തകൾ

‘പെൺകുഞ്ഞിനെ മലയാളി തട്ടിയെടുത്തത് കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് നൽകാൻ’

NATIONAL NEWS-മുംബൈ : നവി മുംബൈയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് നൽകാനാണെന്ന വാദവുമായി മലയാളിയായ പ്രതി.
ശനിയാ‌ഴ്ചയാണ് 74 വയസ്സുകാരനായ മാണി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തത്.
നെരൂൾ റെയിൽവേ സ്റ്റേഷനു സമീപം കളിക്കുകയായിരുന്ന കുട്ടിയെയാണ് ഇയാൾ വ്യാഴാഴ്ച തട്ടിക്കൊണ്ടു പോയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു ദിവസത്തിനുശേഷമാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.

നെരൂൾ റെയില്‍വേ സ്റ്റേഷനു സമീപം രക്ഷിതാക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടി വ്യാഴാഴ്ച സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു.
ഇതിനിടെ ഇവിടെയെത്തിയ മാണി കുട്ടികൾക്ക് വടാപാവ് നൽകി പ്രലോഭിപ്പിക്കുകയും പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, കുട്ടിയുമായി കടന്ന പ്രതി പലതവണ ഓട്ടോ മാറിക്കയറുകയും ചിലയിടങ്ങളിൽ നടക്കുകയും ചെയ്തതിനാൽ ഇയാളെ പിന്തുടരാൻ പൊലീസിന് ബുദ്ധിമുട്ടായി. അന്വേഷണത്തിന് ഒടുവിൽ ഇയാളെ കരാവെ ഗ്രാമത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് വളർത്താനായാണ് താൻ കുട്ടിയെ തട്ടിയെടുത്തതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും അതിക്രമങ്ങൾ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ മാണി തോമസ് 40 വർഷം മുൻപ് ജോലി തേടി മുംബൈയിൽ എത്തിയതാണ്. ആദ്യ ഭാര്യയിൽ ഇയാൾക്ക് രണ്ട് മക്കളുണ്ട്. ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്ന് രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു. ഇതിൽ ഇവർക്ക് കുട്ടികളില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയശേഷം മുടി മുറിക്കുകയും വീട്ടിൽ എത്തിയ ശേഷം കുളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾ കുട്ടിയെ മറ്റെവിടേക്കെങ്കിലും കടത്താൻ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.