NATIONAL NEWS – ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചു.
തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലായെന്ന് അറിയിച്ചതോടെയാണ് മക്രോണിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയാൽ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോൺ.
1980 ൽ വാലി ജിസ്ഗാർഡ്, 1998ൽ ജാക്ക്സ് ഷിരാഗ്, 2008ൽ നിക്കോളാസ് സർക്കോസി.
2016ൽ ഫ്രാൻസിസ് ഹോളൻഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റുമാർ.
ജി20 ഉച്ചകോടിയുടെ ഭാഗമായി മാക്രോൺ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയിരുന്നു.
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുദൃഢമായ സുഹൃദ് ബന്ധമാണുള്ളത്.
ജൂലായിൽ നടന്ന ഫ്രാൻസിന്റെ ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആർമ്മിക്കൊപ്പം പരേഡ് ചെയ്തിരുന്നു.
ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും എത്താൻ സാധിക്കില്ലായെന്നും അറിയിക്കുകയായിരുന്നു.