NATIONAL NEWS-ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്സഭ എത്തിക്സ് കമ്മിറ്റി.
ഒക്ടോബര്‍ 31-ന് ഹാജരാകാനായിരുന്നു എത്തിക്‌സ് കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചിരുന്നത്.
നവംബര്‍ അഞ്ചിന് ശേഷമുള്ള തീയതി അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം കമ്മിറ്റി നിരാകരിച്ചു.
നവംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് വെള്ളിയാഴ്ച കത്തെഴുതിയിരുന്നു.
നവംബര്‍ അഞ്ചിന് ശേഷമുള്ള തീയതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇത് അംഗീകരിക്കാതെ മൂന്നു ദിവസംകൂടി നീട്ടി നല്‍കി നവംബര്‍ രണ്ടിന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു.
മഹുവ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടത് ചൂണ്ടിക്കാട്ടിയായിരുന്നു തീയതി നീട്ടിച്ചോദിച്ചത്. നാലാം തീയതി വരെ മണ്ഡലത്തില്‍ പരിപാടികളുള്ളതായി മഹുവ അറിയിച്ചിരുന്നു. അഞ്ചിന് ശേഷം ഹാജരാകാമെന്നും മഹുവ വ്യക്തമാക്കി. എന്നാല്‍ രണ്ടാം തീയതി തന്നെ ഹാജരാകണമെന്നും അല്ലാത്ത പക്ഷം മറ്റു നടപടികളിലേക്കും കടക്കുമെന്നും മഹുവയ്ക്കയച്ച കത്തില്‍ കമ്മിറ്റി വ്യക്തമാക്കി.
ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവും ഇദ്ദേഹം പാനല്‍ കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. ആരോപണം വ്യാജവും ദുരുദ്ദേശ്യപരവും അപകീര്‍ത്തികരവുമാണെന്ന് പറഞ്ഞ മഹുവ, വിഷയത്തില്‍ തന്റെ ഭാഗം വിശദമാക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.