NATIONAL NEWS-ബെംഗളൂരു : ആപ്പിള്‍ ഉല്‍പന്ന നിര്‍മ്മാണ പങ്കാളിയായ ഫോക്‌സോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ചെയര്‍മാന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എഴുതിയ കത്ത് വൈറലായതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലീസ്.
പുതുതായി ആരംഭിക്കാനിരിക്കുന്ന ഫോക്‌സോണിന്റെ എയര്‍പോഡ് യൂണിറ്റ് ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് ചര്‍ച്ച വിഷയമായിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ ഹൈദരാബാദിനെതിരെ ഗൂഡാലോചന നടത്തിയെന്ന ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്.) രംഗത്തെത്തി.
ഹൈദരാബാദിനെതിരെ വന്‍ ഗൂഡാലോചനയാണ് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ദേശിയ, അന്തര്‍ ദേശിയ കമ്പനികളെ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റാന്‍ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ വന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നും ബി.ആര്‍.എസ്. എക്‌സില്‍ കുറിച്ചു.
അതേസമയം ഡി.കെ. ശിവകുമാര്‍ ആരോപണം നിഷേധിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത് സംബന്ധിച്ച് സൈബര്‍ക്രൈം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കത്ത് എഴുതിയ ലെറ്റര്‍ ഹെഡും ഒപ്പും വ്യാജമാണെന്ന് കാട്ടി ശിവകുമാറിന്റെ സെക്രട്ടറിയും വിധന്‍ സൗദ് പോലീസില്‍ പരാതി നല്‍കി.
ഹൈദരാബാദില്‍ സ്ഥാപിക്കാനിരിക്കുന്ന എയര്‍പോഡ് യൂണിറ്റ് ബംഗളൂരുവിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും ഇത് ഇരുക്കൂട്ടര്‍ക്കും പ്രയോജനപ്പെടുമെന്നും കത്തില്‍ പറയുന്നു. കമ്പനിയുടെ അന്താരാഷ്ട്ര അംഗീകാരം വര്‍ദ്ധിക്കും. ഹൈദരാബാദിനെക്കാള്‍ ബംഗളൂരുവില്‍ സുരക്ഷ കൂടുതലാണ്. ഹൈദരാബാദിലെ മുന്‍കാല വര്‍ഗീയ കലാപങ്ങള്‍ നിങ്ങളുടെ ബിസിനസിന് അപകടമുണ്ടാക്കിയേക്കാമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.