Latest Malayalam News - മലയാളം വാർത്തകൾ

KSRTC ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി, ആറ് യാത്രക്കാര്‍ക്ക് പരിക്ക്

KERALA NEWS TODAY – തിരുവനന്തപുരം: നെയ്യാറ്റിന്‍കര കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം.
ബസ് കാത്തുനിന്ന ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ചെങ്കല്‍ സ്വദേശിനി ലതാകുമാരി, മഞ്ചവിളാകം സ്വദേശികളായ ആദിത്യ, ഇവരുടെ രണ്ട് വയസുള്ള മകന്‍ അഥര്‍വ്, ശ്രീകലകുമാരി, സൂര്യ, നിലമാമൂട് സ്വദേശിനി ശാന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. ഈ സമയം ബസ് കയറാനായി നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെ കയറ്റാനായി ഗ്യാരേജില്‍ നിന്നും എടുത്ത ബസാണ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത്.
പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് സ്ഥാപിച്ച കോണ്‍ക്രീറ്റിന്റെ സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് യാത്രക്കാര്‍ക്കിടയിലേയ്ക്ക് കയറുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാഞ്ഞെത്തുന്നത് കണ്ട യാത്രക്കാരില്‍ ചിലര്‍ പുറകിലേയ്ക്ക് മറിഞ്ഞു വീണു. കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കിടയിലേയ്ക്ക് ബസ് കയറി നിന്നു.
ഇവിടെ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റു.

പരിക്കേറ്റ യാത്രക്കാരെ ഡിപ്പോ അധികൃതര്‍ ആംബുലന്‍സില്‍ ആശുപത്രിയിലാക്കി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്ന് ഡിപ്പോ അധികൃതര്‍ വിശദീകരിച്ചു.
സാധാരണ ഗ്യാരേജിലായിരിക്കുന്ന ബസ് യാത്രയ്ക്കായി എടുക്കുന്നതിന് മുന്‍പ് ബ്രേക്ക് ഉള്‍പ്പെടെയുള്ളവ പരിശോധിക്കണം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന നടത്താത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.

സംഭവസ്ഥലത്തെത്തിയ പോലീസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ കോഴിക്കോട് സ്വദേശി രജീഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി.

Leave A Reply

Your email address will not be published.