Latest Malayalam News - മലയാളം വാർത്തകൾ

പരീക്ഷണയോട്ടം പൂർണ വിജയം; കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് ഫെബ്രുവരിയിൽ സർവീസ് തുടങ്ങും

KERALA NEWS TODAY KOCHI :കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാകും. ഇതിനു മുന്നോടിയായി നടന്ന പരീക്ഷണയോട്ടം വിജയകരമായി. അതിനിടെ, കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകൾ കെഎംആർഎൽ അധികൃതരും വ്യവസായ മന്ത്രി പി രാജീവും ചേർന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്തു.

2023 ഡിസംബർ ഏഴിന് രാത്രിയിലാണ് എസ്‌എൻ ജങ്ഷൻ മെട്രോ സ്റ്റേഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പരീക്ഷണയോട്ടത്തിന്റെ നടപടികൾ ആരംഭിച്ചത്. പുലർച്ചെലോടെ ആദ്യ പരീക്ഷണയോട്ടം നടത്തി വിജയിക്കുകയും ചെയ്തിരുന്നു. വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് എസ്‌എൻ ജങ്ഷൻ – തൃപ്പൂണിത്തുറ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്തുന്നതിനും ആദ്യ ട്രയൽ റൺ സഹായകരമായി മാറി. തുടർന്ന് എല്ലാ ദിവസങ്ങളിലും പരീക്ഷണയോട്ടം നടന്നു.അതേസമയം തൃപ്പൂണിത്തുറയിൽനിന്ന് മറ്റ്‌ മേഖലകളിലേക്ക് ഭാവിയിൽ മെട്രോ ലൈൻ ദീർഘിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്റ്ഫോമും ഒരുക്കിയിരിക്കുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിർമിച്ചത്. എസ്എൻ ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻവരെ 1.18 കിലോമീറ്ററിന്റെ നിർമാണമാണ് പൂർത്തീകരിച്ചത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമാണം പൂർത്തിയായി. കൂടാതെ, സിഗ്നലിങ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർണമായിട്ടുണ്ട്. ഇവയുടെയും ട്രയൽ റൺ നടന്നുവരികയാണ്.

Leave A Reply

Your email address will not be published.