Latest Malayalam News - മലയാളം വാർത്തകൾ

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചോ? കണ്ണീരോടെ കുടുംബവും നാട്ടുകാരും

KERALA NEWS TODAY KASARGOD:കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു. അത് പിന്നീട് കുറ്റപത്രത്തില്‍ തന്നെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.മുമ്പും വര്‍ഗീയ സംഘര്‍ഷങ്ങളും അത്തരത്തിലുള്ള ആക്രമണങ്ങളും കൊലയും നടന്നിട്ടുള്ള പ്രദേശമാണ് ചൂരി. അതിനാല്‍ തന്നെ റിയാസ് മൗലവിയുടെ കൊലപാതകം അടങ്ങാത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കേരളമാകെ റിയാസ് മൗലവിയുടെ ദാരുണവും ഭയനാകവുമായ കൊലപാതകം ചര്‍ച്ച ചെയ്തു. 2017 മാര്‍ച്ച് 20നാണ് കുടക് സ്വദേശിയായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയില്‍ മദ്രസാ അധ്യാപകനായ റിയാസ് മൗലവി തൊട്ടടുത്തുള്ള പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഈ പള്ളിയില്‍ അതിക്രമിച്ച് കയറിയാണ് മൂന്നംഗ സംഘം കൃത്യം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞയായിരുന്നു. മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടിച്ചുവെന്നത് റിയാസ് മൗലവിക്ക് മരണശേഷമെങ്കിലും നീതി ഉറപ്പാകുമെന്ന വിശ്വാസം ഏവരിലുമുണ്ടാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ്, നിതിൻ കുമാര്‍, അഖിലേഷ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടിയായപ്പോള്‍ കേസിന് വീണ്ടും ഗൗരവമേറുകയേ ചെയ്തുള്ളൂ. കൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്രവും സമര്‍പ്പിക്കപ്പെട്ടു. പ്രതികളാണ് കൃത്യം നടത്തിയത് എന്നതിന് സംഭവസ്ഥലത്ത് നിന്ന് ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ രക്തസാമ്പിള്‍ അടക്കം കിട്ടിയിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇത് വ്യക്തമായി. അങ്ങനെ പഴുതടച്ച അന്വേഷണം നടന്നു. പ്രതികളാണ് കുറ്റം ചെയ്തത് എന്നതില്‍ സംശയമില്ല, വര്‍ഗീയസംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യവും സ്ഥിരീകരിക്കപ്പെട്ടു, മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തുന്ന ദാരുണമായ കൊലയും. ഇതോടെ പ്രതികള്‍ ഒരിക്കലും പുറത്തുവരില്ലെന്ന് അധികപേരും പ്രതീക്ഷിച്ചുവെന്നതാണ് സത്യം. പ്രോസിക്യൂഷനും പിഴവ് പറ്റിയതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രമാദമായ ഈ കേസ് ഒരു സാധാരണ കേസായി കോടതി പരിഗണിച്ചു എന്നാണ് കരുതാനാവുക. ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. റിയാസ് മൗലവി വധത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.
വിധി കേട്ട ഉടൻ പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നീതി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. വിധി നിരാശയുണ്ടാക്കുന്നതാണ് എന്നായിരുന്നു പ്രോസിക്യൂഷൻ ആവര്‍ത്തിച്ചുപറഞ്ഞത്, വേദനിപ്പിക്കുന്ന വിധിയെന്ന് ആക്ഷൻ കമ്മിറ്റിയും പ്രതികരിച്ചു.ഇനി പ്രോസിക്യൂഷനും കുടുംബവും വിധിക്കെതിരെ അപ്പീല്‍ പോയേക്കുമെന്നാണ് സൂചന. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. എന്തായാലും ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിടുമ്പോള്‍ അത് നീതിന്യായ വ്യവസ്ഥയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് തുല്യമായി കണക്കാക്കപ്പെടുകയാണ്.

Leave A Reply

Your email address will not be published.