SPORTS NEWS – സ്വിറ്റ്സര്‍ലന്‍ഡ്: പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 99-ാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങ് അനുസരിച്ചാണിത്.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളാണ് റാങ്കിങ് മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്.
നേരത്തേ ജൂണ്‍ 29-ന് പുറത്തുവിട്ട റാങ്കിങ് പ്രകാരം ഇന്ത്യ 100-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 1208.69 പോയന്റുമായാണ് ഇന്ത്യ 99-ാം സ്ഥാനത്തെത്തിയിരിക്കുന്നത്.
1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
റാങ്കിങ്ങിലെ ഈ മുന്നേറ്റം ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാണ്. ജൂലായ് 20-ാം തീയതി 99-ാം റാങ്ക് ഉറപ്പിച്ചതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നറുക്കില്‍ ഇന്ത്യ പോട്ട് 2 ഉറപ്പിച്ചു. നാല് പോട്ടുകളായി ടീമുകളെ തിരിച്ചതിന് ശേഷമാണ് യോഗ്യത റൗണ്ടുകളുടെ ഗ്രൂപ്പുകള്‍ നറുക്കെടുക്കുന്നത്.
ഇതില്‍ കരുത്തരുള്ള പോട്ട് 2-ല്‍ ഇന്ത്യ ഉള്‍പ്പെടുന്നതാണ് ടീമിന് ഏറ്റവും മികച്ച സാധ്യതയായി വരുന്നത്.
അതേസമയം അര്‍ജന്റീന തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയ്ന്‍ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളില്‍.