ENTERTAINMENT NEWS :കൊല്ലം ഓയൂരിൽ നിന്നും കുട്ടിയെ കാണാതായി എന്ന വാർത്ത വന്നതുമുതൽ കേരളം മുഴുവൻ 20 മണിക്കൂറോളം ശ്വാസം നിലച്ച അവസ്ഥയിൽ പ്രാർത്ഥനയോടെ കാത്തിരുന്ന നിമിഷങ്ങൾ ആയിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ പലരും കുട്ടിയെ പെട്ടെന്ന് കണ്ടെത്തണം എന്ന ആവശ്യവുമായി രംഗത്തു വരികയും കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികൾ ആവുകയും ചെയ്തിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ ശേഷവും പലരും ആ സന്തോഷവും പങ്കുവച്ചിരുന്നു. നടി കൃഷ്ണ പ്രഭയും കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ കണ്ടെത്തിയ വാർത്ത ഷെയർ ചെയ്തിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തിയത് പോലീസിന്റെ ശ്രമം കൊണ്ട് അല്ല എന്ന് ആരോപിച്ചുകൊണ്ട് കൃഷ്ണ പ്രഭയ്ക്ക് എതിരെ ആ പോസ്റ്റിൽ കടുത്ത സൈബർ അറ്റാക്ക് ആയിരുന്നു ഉണ്ടായത്.കേരള പോലീസ് ഈ കേസിനു പിന്നാലെ തന്നെ ആയിരുന്നു എന്നത് ഇന്നലെ ആണ് ജങ്ങൾക്ക് ബോധ്യമായത്. കുട്ടിയെ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കേരള പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നിലുള്ള കാരണങ്ങളിലേക്കും പോലീസ് അന്വേഷണ നടപടികൾ വ്യാപിപ്പിച്ചു. ഈ സാഹചര്യത്തിൽ തന്നെ വിമർശിച്ചവർക്ക് എതിരെ അടുത്ത പോസ്റ്റുമായി എത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. “കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു..”നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..” ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട്” എന്നാണ് ഫേസ്ബുക്കിൽ കൃഷണ പ്രഭ കുറിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിന് അഭിനന്ദനം അർപ്പിക്കുവാൻ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ഇതേ ഡയലോഗിന്റെ വീഡിയോ തന്നെയാണ്. ജോജു ജോർജ് നായകനായ പുലിമട ആണ് കൃഷണപ്രഭയുടെ അവസാനം റിലീസ് ആയ ചിത്രം. ഈ ചിത്രത്തിൽ കേരള പോലീസ് ആയി തന്നെയാണ് കൃഷണ പ്രഭ അഭിനയിക്കുന്നത്. ഈ സിനിമയിലെ ഒരു രംഗത്തിൽ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയും ചേർത്താണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ പ്രഭ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽ വച്ചാണ് കേരള പോലീസ് കുട്ടിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടുന്നത്. നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.