Latest Malayalam News - മലയാളം വാർത്തകൾ

ഇടുക്കിയില്‍ ശക്തമായ മഴ : വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം, രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

KERALA NEWS TODAY-ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു.

വലിയ മണ്ണിടിച്ചിൽ ആയിരുന്നില്ല ചേരിയാറില്‍ ഉണ്ടായതെങ്കിലും റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലാണ് എന്നതാണ് ജീവഹാനിക്ക് കാരണമായതെന്നാണ് വിവരം.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, ഇടുക്കിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.
രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. പൂപ്പാറയിലും കുമളി മൂന്നാർ – റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുള്‍പൊട്ടിയെത്തി. വെള്ളം മാറിയൊഴുകിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉരുള്‍പൊട്ടി വലിയ ഉരുളന്‍ കല്ലുകളും മരങ്ങളും കടപുഴകിയെത്തി. ഏക്കര്‍ കണക്കിന് ഏലം കൃഷി പൂര്‍ണമായി ഒലിച്ചുപോയി പ്രദേശം ഒരു നീര്‍ച്ചാലായി മാറി.

Leave A Reply

Your email address will not be published.