ACCIDENT NEWS : കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പരുക്കേറ്റ യുവാവ് രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയിൽ കിടന്നെങ്കിലും പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാൽ ആരുമറിഞ്ഞില്ല. പുലർച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കൽപടിക്കും തറയിൽപാലത്തിനും ഇടയിൽ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോൾ ഓടയിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടു.പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു മരിച്ച വിഷ്ണുരാജ്. ഡിവൈഎഫ്ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. ആശുപത്രിയിൽനിന്നു രാത്രി ഒൻപതോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. ചങ്ങനാശേരി വഴിയാണു ദിവസവും വീട്ടിലേക്കു പോയിരുന്നത്. എന്നാൽ, പുതുപ്പള്ളി ഭാഗത്തേക്കു പോയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല. എങ്ങനെ അപകടത്തിൽപെട്ടെന്ന കാര്യത്തിലും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപെട്ടതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.