Latest Malayalam News - മലയാളം വാർത്തകൾ

വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി

ഗാന്ധിനഗർ : വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതിയാണ് ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പോലീസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. 2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്.

യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പോലീസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശം നൽകി. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക്  80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ആവശ്യപ്പെട്ടു. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി വ്യക്തമാക്കി.

Leave A Reply

Your email address will not be published.