KERAL NEWS TODAY – ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും പറഞ്ഞു.
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയമാണ്.
ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുന്നതും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വര്‍ഷത്തോളം സേവനം ചെയ്തവര്ക്ക്പെന്ഷന് നല്കാന് പണമില്ല.
രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായിരുന്നവര്‍ക്ക് പെന്ഷന് നല്കുന്നു’, ഗവര്‍ണര്‍ പറഞ്ഞു.
നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍ മാത്രമാണ് യാത്ര.
മൂന്നര ലക്ഷത്തിലധികം പരാതികള്‍ കിട്ടിയെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും ഉണ്ടായതല്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.