ശബരിമല സ്പോട്ട് ബുക്കിങിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. താൻ ആദ്യം മുതൽ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാൾ പോലും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകൾ ഇതിനെ സുവർണാവസരമായി കാണുന്നുവെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമർശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എല്ലാവര്ക്കും ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ നടപ്പാക്കണം. ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് എംവി ഗോവിന്ദന് അറിയിച്ചത്.