Latest Malayalam News - മലയാളം വാർത്തകൾ

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടന്നു; ഗാസയുടെ സുരക്ഷാ ഉത്തരവാദിത്തം ഇസ്രയേലിന്

INTER NATIONAL-ഗാസ : ഗാസയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടന്നതായി റിപ്പോർട്ട്. ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പലസ്തീൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
24,000 പേർക്ക് പരുക്കേറ്റു. അതേസമയം മരണസംഖ്യ ഉയരുന്നത് മനുഷത്വഹീനമാണെന്നും വെടിനിർത്തൽ ഉടൻ വേണമെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

ഹമാസിന്റെ 450 ഓളം ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചതായും സൈനിക കേന്ദ്രം ഉൾപ്പെടെ ഗാസയ്ക്കുള്ളിലെ കൂടുതൽ പ്രദേശം പിടിച്ചെടുത്തതായും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേൽ ഇന്നലെയോടെ ഗാസ സിറ്റി പൂർണമായി വളഞ്ഞു. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധം വിച്ഛേദിച്ച് കര, വ്യോമാക്രമണം തുടരുകയാണ്.
യുദ്ധം അവസാനിച്ചാലും ഗാസയിലെ എല്ലാ സുരക്ഷാ ഉത്തരവാദിത്തവും ഇസ്രയേലിന് ആയിരിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.
എത്ര കാലത്തേക്കാണ് ഇതെന്ന് നെതന്യാഹു വ്യക്തമാക്കിയില്ല. ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ ഇസ്രയേൽ വെടിനിർത്തൽ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.