മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. 2019ൽ സിപിഎം റാലിയിലാണ് അവസാനമായി പങ്കെടുത്തത്. 2011 തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടശേഷം 2015 ലാണ് ബുദ്ധദേബ് സിപിഐഎം പോളിറ്റ്ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും ഇറങ്ങുന്നത്. തുടർന്ന് 2018ൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വവും ഉപേക്ഷിച്ചു.
