POLITICAL NEWS- വാഷിങ്ടൻ : 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി.
അറ്റ്ലാൻഡയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
വിചാരണ വരെയാണു ജാമ്യ കാലയളവ്. രണ്ടുലക്ഷം ഡോളറിന്റെ ബോണ്ടിലാണ് ജാമ്യം. 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ട്രംപ് അധികൃതർക്കു മുന്നിൽ കീഴടങ്ങുന്നത്. അറസ്റ്റിനു പിന്നാലെ നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ ഫോട്ടോ പൊലീസ് എടുക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച പുറത്ത് വന്ന 98 പേജുള്ള ജോർജിയ കുറ്റപത്രത്തിൽ, 2020 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തോൽവി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 ക്രിമിനൽ കേസുകളാണ് ചുമത്തിയത്.
‘‘നീതി പരിഹസിക്കപ്പെടുകയാണ് ഇവിടെ. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാനും തെറ്റൊന്നും ചെയ്തിട്ടില്ല’’–ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.