NATIONAL NEWS – ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടർ എസ്.കെ.മിശ്രയുടെ കാലാവധി നീട്ടാൻ അനുമതി നൽകി സുപ്രീം കോടതി.
സെപ്റ്റംബർ 15 വരെ മിശ്രയ്ക്കു ഡയറക്ടർ സ്ഥാനത്തു തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജൂലൈ 31നു മിശ്രയുടെ സർവീസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതു പരിഷ്കരിച്ച് ഒക്ടോബർ 15 വരെ മിശ്രയെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
നവംബർ 18 വരെയായിരുന്നു മിശ്രയുടെ കാലാവധി. ഇനി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കൾ നൽകിയ ഹർജിയിലാണ് ജൂലൈ 31നു മിശ്ര സ്ഥാനമൊഴിയണമെന്ന് 11നു കോടതി ഉത്തരവിട്ടത്.
ഭീകരർക്കു പണം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന രാജ്യാന്തര സംവിധാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ അവലോകനം നടക്കുന്നുവെന്നതും അടുത്ത ഡയറക്ടർക്കു ചുമതല കൈമാറുന്നതിനുള്ള സമയവും പരിഗണിച്ചാണ് 20 ദിവസംകൂടി തുടരാൻ അനുവദിച്ചത്്.
1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്രയെ 2018 നവംബറിലാണ് 2 വർഷത്തേക്ക് ഇ.ഡി ഡയറക്ടറായി നിയമിച്ചത്.
2020 ൽ മിശ്ര വിരമിക്കുന്നതിനു ദിവസങ്ങൾ മുൻപ്, കാലാവധി 3 വർഷമാക്കി ഉത്തരവു പരിഷ്കരിച്ചു. ‘കോമൺ കോസ്’ എന്ന സംഘടന ഇക്കാര്യം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.
2021 സെപ്റ്റംബറിൽ നൽകിയ വിധിയിൽ, വിരമിച്ചവരുടെ കാലാവധി നീട്ടുന്നത് പതിവാകരുതെന്നും അപൂർവ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി വീണ്ടും നീട്ടരുതെന്ന് അന്നു കോടതി ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവു വകവയ്ക്കാതെ, 2021 നവംബറിലും 2022 നവംബറിലും സർക്കാർ മിശ്രയുടെ കാലാവധി നീട്ടി.