KERALA NEWS TODY-വളപട്ടണം: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടിച്ചുനിൽക്കുന്ന ചിത്രമെടുക്കാൻ ശ്രമിച്ചയാളിന്റെ കഴുത്തിൽ പാമ്പ് ചുറ്റി.
വരിഞ്ഞുമുറുക്കിയതോടെ കണ്ണുകൾ ഉന്തി മരണവെപ്രാളം കാട്ടിയ ആളെ സമീപത്തെ പെട്രോൾപമ്പ് ജീവനക്കാരൻ രക്ഷിച്ചു. കഴിഞ്ഞദിവസം രാത്രി 10.30-ഓടെ വളപട്ടണം ദേശീയപാതയോരത്ത് പഴയ ടോൾപിരിവ് കേന്ദ്രത്തിനടുത്താണ് സംഭവം.
പരിസരവാസിയായ ആൾ പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിച്ച് വലിച്ചുകൊണ്ടുവന്ന് പാമ്പിനൊപ്പമുള്ള ചിത്രമെടുക്കണമെന്ന് പെട്രോൾ പമ്പ് ജീവനക്കാരനായ അഭിഷേകിനോട് ആവശ്യപ്പെടുകയായിരുന്നു.
ചിത്രമെടുക്കുകയല്ല, ചാക്ക് കൊണ്ടുവന്ന് പാമ്പിനെ അതിനകത്താക്കുകയാണ് വേണ്ടതെന്ന് അഭിഷേക് പറഞ്ഞെങ്കിലും കേട്ടില്ല. ഇതിനിടെ പാമ്പ് കഴുത്തിൽ ചുറ്റിത്തുടങ്ങി.
കഴുത്തിൽ മുറുകെപ്പിടിക്കാൻ ശ്രമിച്ചപ്പോൾ വരിഞ്ഞുമുറുക്കി. ഇതോടെ ആൾ ശ്വാസംമുട്ടി മലർന്നടിച്ചുവീണു. ഓടിയെത്തിയ അഭിഷേക് ചാക്ക് കാട്ടിയപ്പോഴേക്കും പാമ്പിന്റെ പിടി അയഞ്ഞു. ആളിനെ ഉപേക്ഷിച്ച് റോഡിലൂടെ ഇഴഞ്ഞ് സമീപത്തെ കുളത്തിനടുത്തേക്ക് പോയി. റോഡിൽ കിടക്കുകയായിരുന്ന ആളെ അഭിഷേകും പമ്പിലെ മറ്റ് ജീവനക്കാരും ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ച് ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. സമീപവാസിയായ ഇദ്ദേഹം പലപ്പോഴും പമ്പിലും പരിസരത്തും വരാറുണ്ട്.
പാപ്പിനിശ്ശേരി പഞ്ചായത്ത് പാറക്കൽ സ്വദേശിയാണ് ഇരുപതുകാരനായ കുറ്റേരി അഭിഷേക്. എട്ടുമാസം മുൻപാണ് പമ്പിൽ ജോലിക്ക് ചേർന്നത്.