KERALA NEWS TODAY THIRUVANATHAPURAM: തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ഡോക്ടര്‍ ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡൻറായിരുന്ന റുവൈസ്. സംഭവത്തിന് പിന്നാലെ റുവൈസിനെ സംഘടനയിൽ നിന്നും പുറത്താക്കി. ആത്മഹത്യാ പ്രേരണാ കുറ്റം, സ്ത്രീധന നിരോധന വകുപ്പ് എന്നിവ ചുമത്തി റുവൈസിനെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിൽ പലതും ജാമ്യമില്ലാ വകുപ്പുകളാണ്.ഷഹനയും റുവൈസും അടുപ്പത്തിലായിരുന്നതും വിവാഹം നിശ്ചയിച്ചതും തുടങ്ങിയ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. റുവൈസ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്നും ഇത് കൊടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറിയതെന്നും പറയുന്നു.സ്ത്രീധനമായി റുവൈസും, കുടുംബവും ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു.