പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം പോലീസിൽ പുതിയ പരാതി നൽകി അമ്മു സജീവിന്റെ കുടുംബം. സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അമ്മുവിൻ്റെ പിതാവ് സജീവാണ് പത്തനംതിട്ട ഡി. വൈ എസ് പി ക്ക് പരാതി കൈമാറിയത്. അധ്യാപകൻ്റെ സാന്നിധ്യത്തിൽ സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നും അധ്യാപകൻ കൗൺസിലിംഗ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയിൽ കുടുംബം പറഞ്ഞു.
