Latest Malayalam News - മലയാളം വാർത്തകൾ

ഡി.എ 4 ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാരുടെ ശമ്പളം കൂടും

NATIONAL NEWS-ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത (ഡിഎ) നാല് ശതമാനം വര്‍ധിപ്പിച്ചു.
ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ കൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ചു.

പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.

വരാനിരിക്കുന്ന ഉത്സവ സീസണുകള്‍ കൂടി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വര്‍ധിപ്പിച്ച ഡിഎയ്ക്ക് ഈ വര്‍ഷം ജൂലായ് മുതല്‍ പ്രാബല്യമുള്ള സ്ഥിതിക്ക്, മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശികയടക്കമാകും നവംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കുക.

ഏറ്റവും പുതിയ ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തിയാണ് ജീവനക്കാരുടെ ഡിഎ കണക്കാക്കുന്നത്.

ഇതിനിടെ ഗ്രൂപ്പ് സി,ഗ്രൂപ്പ് ബി-യിലെ ചില വിഭാഗങ്ങള്‍ക്കും കഴിഞ്ഞദിവസം ദീപാവലി ബോണസ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പരമവാധി 7000 രൂപ വരെയാണ് ബോണസ് ലഭിക്കുക.

കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ബാധകമായിരിക്കും. 2021 മാര്‍ച്ച് 31 വരെ സര്‍വീസിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി സര്‍വീസ് നടത്തിയവര്‍ക്കും ഈ അഡ്‌ഹോക്ക് ബോണസിന് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.