Latest Malayalam News - മലയാളം വാർത്തകൾ

പട്ടികജാതി ഫണ്ട് വെട്ടിപ്പ്: സിപിഎം അന്വേഷിക്കും

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം പ്രതിൻ സാജ് കൃഷ്ണ അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. വിഭാഗീയതക്കും അഴിമതി ആരോപണത്തിനും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം നാല് ഏര്യാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

സംഘടനാ രംഗം ശുദ്ധീകരിക്കുന്നതിൻ്റെ തുടര്‍ച്ചയായി നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റാനും സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനാണ് സിപിഐഎം തീരുമാനം. മുന്‍ മേയര്‍ സി.ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്പലത എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനായിരിക്കും അന്വേഷണ ചുമതല.

പട്ടികവിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണ ഉള്‍പ്പെടെ നിരവധിപേരാണ് ആരോപണ നിഴലിലുള്ളത്. നേമം, വിതുര, ശ്രീകാര്യം, പാളയം ഏരിയാ സെക്രട്ടറിമാരെ മാറ്റാനാണ് ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. നേമത്ത് പാറക്കുഴി സുരേന്ദ്രനേയും വിതുരയില്‍ ഷൗക്കത്തലിയേയും മാറ്റുന്നത് വിഭാഗീയതയുടെ പേരിലാണ്.

തലസ്ഥാനഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ പാളയം ഏരിയാ സെക്രട്ടറി സി.പ്രസന്നകുമാറിനേയും അനാരോഗ്യത്തെ തുടര്‍ന്ന് ശ്രീകാര്യത്തെ അനിലിനേയും മാറ്റും. നേമം, വിതുര, കിളിമാനൂര്‍, നെടുമങ്ങാട് ഏരിയാ കമ്മിറ്റികള്‍ക്കു കീഴില്‍ രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്നുവെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. കിളിമാനൂര്‍, നെടുമങ്ങാട് ഏരിയാ കമ്മിറ്റികള്‍ സംസ്ഥാനനേതാക്കളുടെ സനാന്നിധ്യത്തില്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കും.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.