NATIONAL NEWS – ന്യൂഡൽഹി: കൃഷ്ണഭക്തസംഘടനയായ ഇസ്കോണിനെതിരേ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്/ISKCON) ഗുരുതര ആരോപണവുമായി ബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി.
ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് ഏറ്റവും വലിയ വഞ്ചനയാണെന്നും ഗോ ശാലകളിലൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മനേകാ ഗാന്ധി പറഞ്ഞു.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മനേകാ ഗാന്ധി ആരോപണം ഉന്നയിച്ചത്.
‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്കോൺ. ഗോ ശാലകൾ സംരക്ഷിക്കാനെന്ന പേരിൽ സർക്കാരിൽ നിന്ന് ഭൂമി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പറ്റുന്നു.
ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗോ ശാല സന്ദർശിച്ചപ്പോൾ പാൽ ചുരത്താത്ത ഒരു പശുവിനേയും പശുക്കുട്ടികളേയോ കാണാൻ സാധിച്ചില്ല. ഇതിനർഥം അവയെ ഒക്കെ വിറ്റു എന്നാണ്’- മനേകാ ഗാന്ധി പറയുന്നു.
കശാപ്പുകാർക്ക് പശുക്കളെ വിൽക്കുകയാണ് ഇസ്കോൺ ചെയ്യുന്നത്. അവര് ചെയ്യുന്നത് പോലെ മറ്റൊരാളും ഇവിടെ ചെയ്യുന്നില്ല എന്ന് പറഞ്ഞ മനേകാ ഗാന്ധി, ഇതൊക്കെ ചെയ്തിട്ട് അവർ റോഡുകളിൽ ഹരേ റാം ഹരേ കൃഷ്ണ പാടി നടക്കുകയാണെന്നും പാലുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവൻ എന്ന് പറയുകയാണെന്നും കൂട്ടിച്ചേർത്തു.
കശാപ്പുകാർക്ക് അവർ വിറ്റ അത്ര പശുക്കളെയൊന്നും മറ്റാരും വിറ്റിട്ടില്ലെന്നും മനേകാ ഗാന്ധി ആരോപിച്ചു.
എന്നാൽ മനേകാ ഗാന്ധിയുടെ ആരോപണം ഇസ്കോൺ നിഷേധിച്ചു. പശുക്കളേയും കാളകളേയും സംരക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കശാപ്പുകാർക്ക് വിറ്റിട്ടില്ലെന്നും വ്യക്തമാക്കി ഇസ്കോൺ ദേശീയ വക്താവ് ഗോവിന്ദ ദാസ് രംഗത്തെത്തി.