ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും മരിച്ച നിലയില്‍. നിരന്തരമായ എൻഫോഴ്സ്മെൻറ് ഡയറകട്രേറ്റ് വേട്ടയില്‍ മനംമടുത്താണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ബിസിനസുകാരനായ മനോജ് പാര്‍മര്‍, ഭാര്യ നേഹ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭോപ്പാലില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സെഹോര്‍ ജില്ലയിലെ വീട്ടില്‍ മനോജിനെയും നേഹയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇ ഡി ഇവരുടെ വീട്ടില്‍ പലപ്പോഴായി റെയ്ഡ് നടത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇത് കുടുംബത്തെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ പര്‍മാറിന്റെ ഉടമസ്ഥതയിലുള്ള അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 3.5 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും ഇഡി മരവിപ്പിച്ചിരുന്നു. ദമ്പതികളില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് ഇഡിയുടെ അവകാശവാദം. ഇതിന് പിന്നാലെ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുനിന്നും മനോജിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.