ബെംഗളൂരു : കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വി ഡി സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ബസവരാജ് ബൊമ്മെ സര്‍ക്കാരാണ് ബെല്‍ഗാമില്‍ ശീതകാലത്ത് സഭ സമ്മേളിക്കുന്ന സുവര്‍ണ സൗധയില്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില്‍ സ്ഥാപിച്ചതെന്ന് അന്ന് പ്രതിപക്ഷ നേതാവായ സിദ്ധാരാമയ്യ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടി വരും. രാജ്യത്തിനായി സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ നെഹ്‌റു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
