Latest Malayalam News - മലയാളം വാർത്തകൾ

സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍പ്രളയം: ഡാം തുറന്നുവിട്ടു; 23 സൈനികരെ കാണാതായി

NATIONAL NEWS-ഗാങ്ടോക് : സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി.
പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി.
ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം.
കാണായവർക്കു വേണ്ടി സൈന്യം തിരച്ചിൽ ആരംഭിച്ചു.

വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു. സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. വിവിധയിടങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. സംസ്ഥാനത്ത് 2400ഓളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂണിൽ‌ വടക്കൻ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയേത്തുടർന്ന് പ്രളയം അഭിമുഖീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.