തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പരാതി. മരിച്ച ബെന്‍സണ്‍ എബ്രഹാമിന്റെ സഹപാഠികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കും. പ്രിന്‍സിപ്പൽ, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ബെന്‍സന്റെ ആത്മഹത്യയില്‍ ഇവര്‍ക്ക് പങ്കുണ്ടന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നടപടി ആവശ്യപ്പെട്ട് ഇന്നലെ കുട്ടികള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കുട്ടികളുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണ വിധേയനായ ക്ലര്‍ക്ക് ജെ സനലിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടറിന്റെയും പ്രിന്‍സിപ്പലിന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
ഫെബ്രുവരി 14നാണ് ബെന്‍സണെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലര്‍ക്കുമായുണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ക്ലര്‍ക്ക് സനലിന്റെ പ്രതികരണം.