KERALA NEWS TODAY -കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ആശ്വാസം.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത വിധിച്ചു.
മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ അനുകൂല തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ഇക്കാര്യത്തില്‍ നടന്നുവെന്ന് തെളിവുകളില്ല. അങ്ങനെ നടന്നുവെന്ന് തെളിയിക്കപ്പെട്ടില്ല.
അതേസമയം നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. മൂന്ന് ലക്ഷത്തിന് മുകളില്‍ ധനസഹായം നല്കിയപ്പോള് അതിന് മന്ത്രിസഭ അനുമതി നല്കി. മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ല.
മന്ത്രിസഭ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ പറയുന്നു.
ഉപലോകായുക്തമാരെ മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും തള്ളി. ലോകായുക്തയുടെ മൂന്നംഗ ഫുള്‍ബെഞ്ചാണ് വിധി പറഞ്ഞത്.
ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആവശ്യമാണ് ലോകായുക്ത തള്ളിയത്.
കോളേജ് പഠനകാലത്ത് സഹപാഠികള്‍ ആയിരുന്ന, വിദ്യാര്‍ത്ഥി സംഘടനയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന, ദുരിതാശ്വാസനിധി അനര്‍ഹമായി കൈപ്പറ്റിയ കേസില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ പരേതനായ രാമചന്ദ്രന് നായരുടെ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുകയും അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത രണ്ട് ഉപലോകയുക്തമാര്‍ക്കും നിഷ്പക്ഷമായി വിധിന്യായം നടത്താന്‍ സാധിക്കില്ലെന്നതിനാല്‍ വിധി പറയുന്നതില്‍ നിന്ന് ഇവരെ ഒഴിവാകണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജ്ജിക്കാരനായ ശശികുമാര്‍ ഇടക്കാല ഹജ്ജി നല്‍കിയത്.
ഈ ഹര്‍ജി തള്ളിയ ലോകായുക്ത രണ്ടുപേര്‍ക്കും വിധിപറയാമെന്ന് വ്യക്തമാക്കി.
അതേസമയം ലോകായുക്തമാര്‍ സ്വാധീനിക്കപ്പെട്ടുവെന്നും വിധിയില്‍ അത്ഭുതമില്ലെന്നും ഹര്ജിക്കാരന് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ശശികുമാര്‍ പറയുന്നു.