KERALA NEWS TODAY THIRUVANATHAPURAM :തിരുവനന്തപുരം: കോട്ടയം വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ സമയത്തിൽ മാറ്റം. ചെങ്ങന്നൂരിൽ അധിക
സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലെ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ
സമയക്രമം ഒക്ടോബർ 23 തിങ്കളാഴ്ച മുതൽ നിലവിൽ വരും.തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് ഇനിമുതൽ 5.15ന് പുറപ്പെടും. കൊല്ലത്ത് 6.03ന് എത്തി
6.05ന് പുറപ്പെടും. ചെങ്ങന്നൂരിൽ 6.53ന് എത്തി 6.55ന് പുറപ്പെടും.കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ വന്ദേഭാരത് എത്തുന്ന സമയത്തിൽ മാറ്റമില്ല. തൃശൂരിലും നിലവിലെ സമയത്ത്
ട്രെയിൻ എത്തും. എന്നാൽ തൃശൂരിൽനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്. രാവിലെ 9.30ന് തൃശൂരിലെത്തുന്ന ട്രെയിൻ ഇനി മുതൽ 9.33ന് ആയിരിക്കും പുറപ്പെടുക. ഇതിനുശേഷം
കാസർഗോഡ് എത്തുന്നതുവരെയുള്ള സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമുണ്ടാകില്ല.തിരികെ കാസർകോടുനിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനിൽ ഷൊർണൂർ വരെയുള്ള
സമയത്തിൽ മാറ്റമില്ല. തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തും. തൃശൂരിൽ വൈകിട്ട് 6.10ന് എത്തി 6.13ന് പുറപ്പെടും.തുടർന്ന് എറണാകുളം, കോട്ടയം സ്റ്റേഷനുകളിൽ എത്തുകയും
പുറപ്പെടുകയും ചെയ്യുന്ന സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46ന് എത്തി 8.48ന് പുറപ്പെടും. 9.34ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 9.36ന് പുറപ്പെടും. തിരുവനന്തപുരത്ത് നിലവിലുള്ള
സമയത്തേക്കാൾ അഞ്ച് മിനിട്ട് വൈകി 10.40ന് എത്തിച്ചേരും.അതിനിടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന മറ്റ് രണ്ടു ട്രെയിനുകളുടെ സമയക്രമത്തിലും ഒക്ടോബർ 23 മുതൽ
മാറ്റമുണ്ടാകും. തൃശൂര്‍-കണ്ണൂര്‍ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊര്‍ണൂര്‍ മെമുവിന്‍റെ (06018) ഷൊര്‍ണൂരിലെയും എത്തിച്ചേരല്‍ സമയത്തിലുമാണ് മാറ്റം
വരുത്തിയത്. തൃശൂര്‍-കണ്ണൂര്‍ രാവിലെ 6.35ന് പകരം 6.45 നാകും തൃശൂരില്‍നിന്ന് പുറപ്പെടുക.പൂങ്കുന്നം 6.50 (നിലവിലെ സമയം -6.40), മുളങ്കുന്നത്തുകാവ് 6.57 (6.47), വടക്കാഞ്ചേരി 7.06
(6.55) എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ മാറ്റം വരുത്തിയ സമയം. എറണാകുളം-ഷൊര്‍ണൂര്‍ മെമു ഷൊര്‍ണൂരില്‍ എത്തുന്നത് നിലവിലെ സമയക്രമമായ രാത്രി 10.35നുപകരം രാത്രി
8.40 നായിരിക്കും. പുറപ്പെടല്‍ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമില്ല.