KERALA NEWS TODAY KOCHI:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായ പരിശോധിച്ചെന്ന പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കെ കേസില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ഉപഹര്‍ജി. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറായി കീഴ്‌കോടതികള്‍ക്ക് നല്‍കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം. സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കണം എന്നും സര്‍ക്കാര്‍ ഉപ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിക്കുകയും ചെയ്തിരുന്നു.മജിസ്‌ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.