ENTERTAINMENT NEWS BOMBAY: പാട്ടിഷ്ടമുള്ള ഏതൊരാൾക്കും ഏറെ ഇഷ്ടമുള്ള, ആശ്വാസം പകരുന്ന രണ്ടു വാക്ക് – അതാണ് ഇന്ത്യൻ സംഗീത ലോകത്തിനു ബോംബെ ജയശ്രീ. കർണാടക-സിനിമാ ഗാനങ്ങളിലൂടെ ഭാഷയ്ക്കതീതമായി തന്റെ സംഗീതത്തെ എത്തിക്കാൻ കഴിഞ്ഞ കലാകാരി. എന്നാൽ കഴിഞ്ഞ വർഷം ഒരു കച്ചേരിയ്ക്കായുള്ള യാത്രയ്ക്കിടെ അസുഖം ബാധിച്ച് ഏറെ നാളുകളായി വേദികളിൽ നിന്നും വിട്ടു നിൽക്കുകയാണ് അവർ. ചികിത്സ ഫലപ്രദമായി നടക്കുന്നു എന്നും പാട്ടിലേക്ക് അവർ എത്രയും പെട്ടെന്ന് തന്നെ മടങ്ങി വരുമെന്നും അവർ കുടുംബാംഗങ്ങൾ മുഖേന ആരാധകരെ അറിയിച്ചിരുന്നു. അതിനായി കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ചെന്നൈയിൽ നിന്നും വരുന്നത്. മാസങ്ങൾക്ക് ശേഷം ബോംബെ ജയശ്രീ ഒരു വേദിയിൽ എത്തിയതിന്റെ വാർത്തയാണ് അത്. മദ്രാസ് മ്യൂസിക് അക്കാദമി എല്ലാ വർഷവും നൽകി വരുന്ന സംഗീത കലാനിധി പുരസ്കാരം ഏറ്റുവാങ്ങാനായാണ് ബോംബെ ജയശ്രീ എത്തിയത്. ചെന്നൈയിൽ മ്യൂസിക് അക്കാദമിയിൽ മാർഗഴി സംഗീതോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്കും ഈയവസരത്തിൽ തുടക്കമായി.
സംഗീതത്തിലെ മഹാരഥന്മാർ മുതൽ തുടക്കക്കാർ വരെ മാറ്റുരയ്ക്കുന്ന മദ്രാസ് മ്യൂസിക് ഫെസ്റ്റിവലിൽ ഇത്തവണ ബോംബെ ജയശ്രീ പാടുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സഭകളുടെ കച്ചേരി ലിസ്റ്റിൽ ജയശ്രീയുടെ പേര് ലിസ്റ്റ് ചെയ്തിട്ടില്ല. അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അതിനെക്കുറിച്ച് തീരുമാനം ഉണ്ടാവുക എന്ന് കരുതപ്പെടുന്നു.