Latest Malayalam News - മലയാളം വാർത്തകൾ

ഡിസ്റ്റര്‍ബിങ് ദ പീസ് അവാര്‍ഡ് നേടി അരുന്ധതി റോയ്

Arundhati Roy won the Disturbing the Peace Award

2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് നേടി അരുന്ധതി റോയി. ഇറാനിയന്‍ സര്‍ക്കാരിനെതിരെ തന്റെ സംഗീതത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് ജൂറി മെമ്പറായ ത്രിപാഠി അരുന്ധതിയെ വിശേഷിപ്പിച്ചത്. കുത്തക കച്ചവടതാല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ ഭൂരഹിതരായവര്‍ക്ക് വേണ്ടിയും നിശ്ചയദാര്‍ഢ്യത്തോടെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന എഴുത്തുകാരിയാണ് അരുന്ധതി റോയി എന്ന് ജൂറി വിലയിരുത്തി.

ചെക്കോസ്ലോവോക്യയുടെ അവസാനത്തെയും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യത്തെയും വിമതനായ പ്രസിഡന്റുമായിരുന്ന വക്ലേവ് ഹവേലിന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെ നിരന്തരവും സധൈര്യവും വിയോജിക്കുന്നവര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കും വര്‍ഷാവര്‍ഷം ഈ പുരസ്‌കാരം നല്‍കി വരുന്നു. അയ്യായിരം ഡോളര്‍(4.19 ലക്ഷം രൂപ) ആണ് പുരസ്‌കാരത്തുക. ഈ വര്‍ഷം ജൂണില്‍ പെന്‍പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.