NATIONAL NEWS-മധ്യപ്രദേശ്: കോൺഗ്രസ് ഭരണകാലത്തുനടന്ന ഭീമമായ അഴിമതികൾ തടഞ്ഞതിലൂടെ സമാഹരിച്ച പണമാണ് രാജ്യത്തെ 80 കോടിയിലധികം ദരിദ്രർക്ക് സൗജന്യറേഷൻ നൽകാൻ സഹായകമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോവിഡ് മഹാമാരിക്കാലത്ത് ദരിദ്രർക്ക് റേഷൻ സൗജന്യമായി നൽകാൻ വൻതുകയാണ് വേണ്ടിവന്നത്.
സൗജന്യറേഷൻ പദ്ധതി ഡിസംബറുംകഴിഞ്ഞ് അടുത്ത അഞ്ചുവർഷത്തേക്കുകൂടി നീട്ടുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.
ഈ മാസം 17-ന് നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലെ സിദ്ധിയിൽ ബി.ജെ.പി. പ്രചാരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി അഞ്ചുവർഷത്തേക്കുകൂടി നീട്ടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയത്തിൽ നടപടിയെടുക്കുമോയെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് ചോദിച്ചു.
സൗജന്യ റേഷൻപദ്ധതി അഞ്ചുവർഷത്തേക്കു നീട്ടിയത് രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ് പുറത്തുകൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.