KERALA NEWS TODAY – ആലപ്പുഴ : പലവിധ അപവാദങ്ങളെ കർശന നടപടികളിലൂടെ അടിച്ചമർത്തിയതിനു പിന്നാലെ ജില്ലയിലെ സിപിഎമ്മിൽ വീണ്ടും ലൈംഗിക വിവാദം. വനിതാ അംഗത്തോട് അവർ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ചുമതലക്കാരനായ നേതാവ് ലൈംഗിക മുതലെടുപ്പിന്റെ ഉദ്ദേശ്യത്തോടെ ഇടപെട്ടെന്നാണു പുതിയ പരാതി.
ജില്ലാ നേതൃത്വം ഉൾപ്പെടെ ഇവരുടെ പരാതി അവഗണിച്ചെന്നും ചില നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണവുമുണ്ട്.
നാളെ ജില്ലയിലെത്തുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടു പരാതിപ്പെടാനാണ് ഇവരുടെ തീരുമാനം. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നു ഗോവിന്ദൻ തിരുവനന്തപുരത്ത് അറിയിച്ചു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണു യുവതിയുടെ പരാതി. ‘‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം.
ഞാൻ വീട്ടിലേക്കു വരാം’’ എന്നു നേതാവ് പറഞ്ഞെന്നാണു പരാതി. യുവതി ഉൾപ്പെട്ട തീരദേശ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്.
യുവതിയുടേതു പാർട്ടി കുടുംബമാണ്.
എന്നാൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പരാതിയുമായി ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് തന്നെ ശാസിച്ചെന്നും പരാതി സ്വീകരിക്കാതെ തിരിച്ചയച്ചെന്നും അവർ പറഞ്ഞു.
സിപിഎം സംസ്ഥാന നേതൃത്വവും പരാതി അവഗണിച്ചാൽ പൊലീസിനെ സമീപിക്കുമെന്ന് അവർ അറിയിച്ചു.
അതേസമയം, ദൃശ്യമാധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ ജില്ലയിലെ ചില നേതാക്കൾ ആരോപണ വിധേയനെ ബന്ധപ്പെട്ടു കാര്യങ്ങൾ തിരക്കിയതായാണ് വിവരം.