NATIONAL NEWS-റായ്പുര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍.
2018-ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
സക്തിയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബാഘേലിന്റെ പ്രഖ്യാപനം.
2018-ല്‍ 15 വർഷം നീണ്ട ഭരണത്തില്‍ നിന്ന് ബി.ജെ.പി.യെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച പ്രധാനതന്ത്രം കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്ന വാഗ്ദാനമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്ക്കിടയിലുയര്ന്ന അഭിപ്രായം.
18.82 ലക്ഷം കര്‍ഷകരില്‍ നിന്നായി 9,270 കോടിയോളം രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്.
ചത്തീസ്ഗഢ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ജാതി സെന്‍സസ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായും ബാഘേല്‍ വ്യക്തമാക്കി. ഇതിനിടെ എ.ഐ.സി.സി. സംസ്ഥാനത്തെ 17.5 ലക്ഷത്തോളം ദരിദ്രര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. കര്‍ഷകരില്‍ നിന്നുള്ള നെല്ല് സംഭരണം 15 ക്വിന്റലില്‍ നിന്ന് 20 ക്വിന്റലായി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനമുണ്ട്.
ഛത്തീസ്ഗഢിലെ 90 സീറ്റുകളിലും കോണ്‍ഗ്രസിനു സ്ഥാനാര്‍ഥികളായി. എന്നാല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ല.