KERALA NEWS TODAY keralam:സംസ്ഥാനത്തെ ദേശീയപാതാ വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ വികസനപ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 13 കേന്ദ്രങ്ങളിലാണ് മന്ത്രിയും സംഘവുമെത്തിയത്. മൂന്ന് ജില്ലകളിലുമായി 2,567 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി റിയാസ് പറഞ്ഞു.ദേശീയപാത വികസനത്തിന് തൃശൂർ ജില്ലയിൽ 878 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. മലപ്പുറം ജില്ലയിൽ 1274.34 കോടി രൂപ, കോഴിക്കോട് ജില്ലയിൽ 415 കോടി രൂപയുമാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ വാടാനപ്പിള്ളി ബൈപാസ് മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ്, കോഴിക്കോടെ തൊണ്ടയാട് ഫ്ലൈ ഓവർ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.ദേശീയപാത 66 നിർമാണം സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്ന് സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞിരുന്നു. 2025ൽ പുതുവത്സര സമ്മാനമായി മലപ്പുറത്തിന് പുതിയ ദേശീയപാത തുറന്നു കൊടുക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഓരോ സ്‌ട്രെച്ചും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും റിയാസ് പറഞ്ഞിരുന്നു.
പാണമ്പ്ര, വട്ടപ്പാറ അപകട മേഖലകളെയും വളാഞ്ചേരി ഉള്‍പ്പെടെയുള്ള ഗതാഗതക്കുരുക്കുണ്ടാക്കുന്ന സ്ഥലങ്ങളെയും ഒഴിവാക്കിയാണ് പുതിയ ദേശീയപാത വരുന്നത്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലൂടെയാണ് ദേശീയപാത 66 കടന്നുപോകുന്നത്. 45 മീറ്ററിൽ ആറുവരിപ്പാതയാണ് ഒരുക്കുന്നത്.