ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മൂന്ന് കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നും കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് മലപ്പുറത്തേക്ക് പണം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ചിറ്റൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി യുവാക്കള്‍ പിടിയിലായത്. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരാണ് കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കിടത്തുകയായിരുന്ന രണ്ടുകോടി 97 ലക്ഷത്തി അമ്പതിനായിരം രൂപയുമായി പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മലപ്പുറത്തേക്ക് പണം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. 500, 200, 100 രൂപയുടെ കെട്ടുകളാണ് യുവാക്കളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.