ബംഗ്ലാദേശില്‍ ജസ്റ്റിസ് ഉബൈദുല്‍ ഹസന് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞു. സ്ഥിതിഗതികള്‍ വഷളായതിനെതുടര്‍ന്ന് ചീഫ് ജസ്റ്റിസിനെ കോടതി പരിസരത്തുനിന്ന് കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതിയിലെ ജഡ്ജിമാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നിശ്ചയിച്ചിരുന്ന ഫുള്‍കോര്‍ട്ട് യോഗം പെട്ടെന്ന് നിര്‍ത്തിവച്ചു.
