ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി.മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.