എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാകാൻ സഹായിക്കും. രോഗം പകരുന്നത് ഒഴിവാക്കാനായി കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, യാത്രയ്‌ക്കുശേഷം ഉടൻ കുളിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ശരിയായ ചികിൽസ തേടണം.
