KERALA NEWS TODAY KOLLAM:കൊല്ലം: അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നെടുങ്ങോലം സ്വദേശി അഡ്വ. അനീഷ്യ എസ് (44) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അനീഷ്യയെ കുളിമറിയിൽ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പരവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണമുന്നയിച്ച് അഭിഭാഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കുടുംബവും രംഗത്തെത്തുകയും ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.അനീഷ്യയുടെ ആത്മഹത്യയിൽ ചിലർക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഇവരിൽനിന്ന് കടുത്ത മാനസിക പീഡനം ഉണ്ടായതായാണ് കുടുംബം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അനീഷ്യയുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലുമുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് അനീഷ്യ അയച്ച അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്.