KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: തന്നെ ഉപദ്രവിക്കാൻ ചിലർക്ക് ഉദ്ദേശ്യമുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വൈദ്യുതി ബസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇവർക്കാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും വല്ലപ്പോഴും ഒരു സത്യം പറയുമെന്നും അദ്ദേഹം പറഞ്ഞു. പറയുമ്പോൾ സത്യം മാത്രമേ പറയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലല്ലെന്ന് കാണിക്കുന്ന രേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇനിമേൽ താൻ പ്രതികരിക്കില്ലെന്നും ഉദ്യോഗസ്ഥർ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ശിക്ഷിച്ച് കഴിഞ്ഞല്ലോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. “ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാര്‍ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ,” ഗണേഷ് കുമാര്‍ പറഞ്ഞു
കെഎസ്ആർടിസിയുടെ ഇ ബസ് പദ്ധതി ലാഭകരമല്ലെന്നും അത് നിർത്താനുള്ള തീരുമാനമെടുക്കുമെന്നും പ്രസ്താവിച്ച് മന്ത്രി രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ സർക്കുലർ ബസ്സുകളെ ലാക്കാക്കിയായിരുന്നു ഗണേഷിന്റെ പ്രസ്താവന. ഇതിനെതിരെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് രംഗത്തെത്തി. സർക്കാരിന്റെ നയതീരുമാനത്തിന്റെ ഭാഗമായാണ് സർക്കുലർ സർവ്വീസ് തുടങ്ങിയതെന്നും അത് ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞതാണെന്നും വികെ പ്രശാന്ത് പറഞ്ഞു.
ഇതിനു പിന്നാലെ തിരുവനന്തപുരം മേയർ കൂടുതൽ ഇ ബസ്സുകൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച് രംഗത്തെത്തി. 60 ഇ ബസ്സുകൾ സർക്കാരിന് വാങ്ങി നൽകിയത് നഗരസഭയാണെന്നും അവർ വ്യക്തമാക്കി.