KERALA NEWS TODAY ALAPUZHA:ബിജെപി ഒബിസി മോർച്ച നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളുടെ മാനസികനില പരിശോധിക്കാൻ പോലീസ്. അതിനായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.സുരക്ഷയുടെ ഭാഗമായി ആശുപത്രിയിൽ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ശിക്ഷാവിധി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രതികൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.കേസിലെ പ്രതികളായ 15 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഇവരുടെ വിധി പ്രഖ്യാപിക്കുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് കേസിൽ വിധി പറയുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരായിരുന്നു പ്രതികളായ 15 പേരും.
കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം തിങ്കളാഴ്ച കോടതിയിൽ വാദിച്ചിരുന്നു. രഞ്ജിത്ത് ശ്രീനിവാസന്റേത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണെന്നും ഇത്തരത്തിലുള്ള കൊലകൾ കേരളത്തിൽ സാധാരണമാണെന്നും വാദിച്ചിരുന്നു. അതിനാൽ പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം.