Latest Malayalam News - മലയാളം വാർത്തകൾ

ഇത്തവണ നേരത്തേയെത്തും’; പുതിയ പാഠപുസ്തകങ്ങൾ എപ്പോൾ ലഭിക്കും? അച്ചടി വിലയിരുത്തി മന്ത്രി

KERALA NEWS TODAY KOCHI:പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ 2, 4, 6, 8, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളുമാണ് അച്ചടിക്കേണ്ടത്. ആകെ 3.5 കോടിയിലധികം പുസ്തകങ്ങളാണ് അച്ചടിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി വി ശിവൻകുട്ടി എറണാകുളം കാക്കനാട് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) സന്ദർശിച്ചിരുന്നു. പാഠപുസ്തകങ്ങളുടെ അച്ചടി അദ്ദേഹം നേരിട്ട് വിലയിരുത്തി. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപും പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുൻപും വിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാൻ ചർച്ചയിൽ തീരുമാനമായി.മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും യോഗം ചേർന്നാണ് പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ സമയത്ത് തന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ അതിനേക്കാൾ നേരത്തേ അച്ചടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 15 ശതമാനം അച്ചടി ഇതിനോടകം പൂർത്തിയായി. മുൻവർഷം ഇതേ സമയം 3 ശതമാനം അച്ചടിയാണ് പൂർത്തിയായത്. ഇതിനായുള്ള അധിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ മാനേജ്മെന്‍റ് ഒരുക്കും.

കേരളത്തിലെ പാഠപുസ്തക പരിഷ്കരണം ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാഠ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾക്കൊള്ളിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന കാലത്താണിതെന്നത് ശ്രദ്ധേയമാണ്. ഏകകണ്ഠമായാണ് കരിക്കുലം കമ്മിറ്റി പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Leave A Reply

Your email address will not be published.