NATIONAL NEWS MUMBAI :വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ സീലിങ്ക് (എംടിഎച്ച്എൽ) എന്ന അടൽ സേതുവിന്റെ ആകാശ ദൃശ്യങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്. കടലിൽ നീണ്ടു നിവർന്നു കിടക്കുന്ന പാലത്തിന്റ മനോഹരമായ രാത്രികാല ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനം കവർന്ന് എക്സിൽ പ്രചരിക്കുന്നത്.രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം സ്യൂരിയെയും നാവാശേവയെയുമാണ് ബന്ധിപ്പിക്കുന്നത്. 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാത 16.5 കിലോമീറ്റർ നീളം കടലിലൂടെയും 5.5 കിലോമീറ്റർ കരയിലൂടെയുമാണ് കടന്നു പോകുന്നത്.
പാലം വരുന്നതിലൂടെ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുകയും മുംബൈയെയും റായ്ഗഡ് ജില്ലയെയും സാമ്പത്തികമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരാണ് കടല്‍പ്പാലത്തിന് നല്‍കിയിരിക്കുന്നത്. 100 വർഷം ആയുസ്സ് കണക്കാക്കി നിർമ്മിച്ചിരിക്കുന്ന പാലത്തിലൂടെ ദിവസവും 70,000 വാഹനങ്ങൾക്ക് കടന്നുപോകാം. ഇതോടെ ദക്ഷിണ മുംബൈയിൽ നിന്ന് ചിർലെയിലേക്കുള്ള യാത്രാ ദൂരം ഏകദേശം 30 കിലോമീറ്ററോളം കുറയ്ക്കാനാകും. 16 മിനിറ്റ് സമയമാണ് പാലം കടക്കുന്നതിനായി വേണ്ടി വരുന്നത്.