Latest Malayalam News - മലയാളം വാർത്തകൾ

‘മോദി ഗ്യാരണ്ടി’കൾ എണ്ണിപ്പറഞ്ഞ്, ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് മോദി; ക്രൈസ്തവ നേതാക്കൾക്ക് നന്ദിയും

KERALA NEWS TODAY THRISSUR:മോദിയുടെ ഗ്യാരന്റിയിൽ ഇളകിമറിഞ്ഞ തേക്കിൻകാട് മൈതാനത്ത് വികസനവും രാഷ്ട്രീയവും എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. മലയാളത്തിൽ അമ്മമാരെ സഹോദരിമാരെ എന്ന് വിളിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി ആദ്യം തന്നെ എല്ലാവർക്കും പുതുവതസര ആശംസകൾ നേർന്നു. ഭഗവാൻ കാശി വിശ്വനാഥന്റെ മണ്ണായ വാരണാസിയിൽ നിന്നുള്ള ലോക്സഭാംഗമാണ് താനെന്നും ഇവിടെ തൃശ്ശൂരും മഹാദേവന്റെ പ്രതിരൂപമായ വടക്കുംനാഥന്റെ പുണ്യഭൂമിയാണെന്നും പറഞ്ഞ മോദി തൃശ്ശൂരിന്റെ വികാരത്തെ തൊട്ടുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.എ ബി കുട്ടിമാളു അമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ വീരപുത്രിമാരുടെ മണ്ണാണ് കേരളം. നാഞ്ചിയമ്മ എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതാ രത്നത്തെ ആദരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. നാരീശക്തി പുരസ്കാരത്തിലൂടെ കാർത്ത്യായനി അമ്മയെ പോലുള്ള മാതൃകാ വനിതകളെയും ആദരിച്ചു. പി ടി ഉഷ, അഞ്ജു ബോബി ജോർജ്ജ് തുടങ്ങിയ പ്രതിഭകളെ സമ്മാനിക്കാൻ കഴിഞ്ഞ നാടാണ് കേരളമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തിന്റെ പുരോഗതിക്ക് നാന്നിയാവുന്നത്. എന്നാൽ ആ നാരീശക്തിയുടെ പ്രാധാന്യത്തെ എൽ ഡി എഫും യു ഡി എഫും വിലകുറച്ച് കണ്ടു എന്നതാണ് വസ്തുത. കേന്ദ്രത്തിലും കേരളത്തിലും അധികാരം കൈയ്യാളിയിരുന്ന ഇവർ ആരും തന്നെ വനിത സംവരണ ബിൽ നടപ്പാക്കാൻ തയ്യാറായില്ല. അതിന് ബി ജെ പി വരേണ്ടി വന്നു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിങ്ങനെ നാല് വിഭാഗം മാത്രമാണ് കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ളത്. അതിനാൽ അവരുടെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. വനിതകളുടെ വികസനവും പുരോഗതിയും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.

പറഞ്ഞ വാക്കുകൾ പാലിച്ച ചരിത്രമാണ് മോദി സർക്കാരിനുള്ളത്. വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഗ്യാസിന്റെ സബ്സിഡി, ഭവന രഹിതർക്ക് വീട്, മുദ്രാ വായ്പ്പകൾ, തുടങ്ങിയ വികസന പദ്ധതികൾ നടപ്പായത് മോദിയുടെ ഗ്യാരന്റിയിലൂടെയാണെന്ന് ഓർമ്മിപ്പിച്ചു. വിവിധ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി 18 തവണയാണ് മോദിയുടെ ഗ്യാരന്റി എന്ന് മലയാളത്തിൽ ആവർത്തിച്ച് പറഞ്ഞത്. അതുപോലെ തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമായി കേന്ദ്ര സർക്കാർ എല്ലാ തരത്തിലുള്ള പുരോഗതിയും വികസനവും ഉറപ്പ് നൽകുകയാണെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് സ്ത്രീകൾ നേരിടേണ്ടി വന്ന ദുരവസ്ഥകളും പീഢനങ്ങളും നാം കണ്ടതാണ്. എന്നാൽ ബി ജെ പി സർക്കാരിന്റെ കാലത്ത് അത്തരത്തിലുള്ള അവസ്ഥ സ്ത്രീകൾക്ക് ഒരിക്കലും നേരിടേണ്ടി വരില്ലെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും മാറി മാറി ഭരിച്ച കേരളത്തിൽ വികസനം വരണമെങ്കിൽ ബി ജെ പി വരണം. അതിനാൽ തന്നെ ഇന്ത്യ മുന്നണിയെ തകർത്തുകൊണ്ട് കേരളത്തിലെ ജനത ബി ജെ പി യെ പിന്തുണയ്ക്കും. അന്ധമായ മോദി വിരോധത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ പല വികസന പദ്ധതികളും കേരളത്തിൽ നടപ്പാക്കാതെ നഷ്ടപ്പെടുത്തുകയാണ് ഇടതുപക്ഷ സർക്കാർ.

Leave A Reply

Your email address will not be published.