KERALA NEWS TODAY :തിരുവനന്തപുരം: പ്രതീക്ഷകളോടെ 2024നെ വരവേറ്റ് രാജ്യം. ആഘോഷപൂർവമാണ് 2024നെ നാടെങ്ങും സ്വീകരിച്ചത്. 2023നെ യാത്രയാക്കി ക്ലോക്കിൽ സൂചികൾ 12 മണിയിലേക്ക് എത്തിയപ്പോൾ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടന്നത്. വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികൾ പലയിടത്തും രാവേറെ നീണ്ടു. കൊച്ചിയിൽ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2024ലേക്ക് കടന്നത്.പതിവുപോലെ കേരളത്തിലെ പ്രധാന പുതുവത്സരാഘോഷം ഫോർട്ട് കൊച്ചയിൽ തന്നെയാണ് നടന്നത്. പരേഡ് ഗ്രൗണ്ടില്‍ പുതുവർഷം ആഘോഷിക്കാൻ നിരവധി ആൾക്കാരാണ് തിങ്ങി നിറഞ്ഞത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം പുതുവർഷം ആഘോഷിക്കാൻ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. കോവളം, ശംഖുംമുഖം, വര്‍ക്കല ബീച്ചുകള്‍ ജനത്തിരക്കില്‍ മുങ്ങി. കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതുവത്സരാഘോഷം നടന്നു.രാജ്യത്തെ പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷയ്ക്കിടെയാണ് പുതുവർഷം ആഘോഷിച്ചത്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നു. ഗോവയിലും ഷിംലയിലും വലിയ തോതിലാണ് ഇത്തവണ പുതുവർഷത്തിന് ആളുകളെത്തിയത്. ഡൽഹിയിലും മുംബൈയിലും കനത്ത നിയന്ത്രണങ്ങളായിരുന്നു ഇത്തവണ.
